ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്‌ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി പ്രഖ്യാപിച്ച്, ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമിച്ച ഭീകരൻ ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരാകുന്നവരെ പദ്ഗ ഗ്രാമത്തിലേക്ക് ഇവർ എത്തിച്ചിരുന്നു. പ്രതികൾ ഈ ഗ്രാമത്തെ സ്വതന്ത്ര മേഖലയായി പ്രഖ്യാപിച്ച ശേഷം ആയുധ പരിശീലനം നടത്തി വരികയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ, വലിയ തോതിൽ പണം, ഡിജിറ്റൽ ഉപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, രാജ്യവിരുദ്ധ ലഘുലേഖകൾ, ഹമാസ് പതാകകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സ്വയം പ്രഖ്യാപിത നേതാവായ സാക്കിബ് അബ്ദുൾ ഹമീദ്, മുഹമ്മദ് എന്നിവരാണ് പദ്ഗയിൽ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയിരുന്നത്. ഇവിടെ എത്തുന്നവർക്ക് ഐഎസ് ഖലീഫയോടുള്ള സത്യപ്രതിജ്ഞയായ ബയാത്ത് ചൊല്ലിക്കൊടുക്കാനുള്ള അവകാശം സാക്കിബ് അബ്ദുൾ ഹമീദിനായിരുന്നു. അറസ്റ്റിലായ പ്രതികൾ എല്ലാവരുടേയും പേര് വിവരങ്ങളും എൻഐഎ പുറത്ത് വിട്ടിട്ടുണ്ട്. ഇവരെല്ലാവരും താനെ സ്വദേശികളാണെന്നാണ് വിവരം. രാജ്യത്തുടനീളം ഐഎസ് ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്.
പോലീസിന്റെയും എടിഎസിന്റേയും സഹായത്തോടെയാണ് എൻഐഎ മഹാരാഷ്‌ട്രയിലും കർണാടകയിലും വിവിധ ഇടങ്ങളിലായി തിരച്ചിൽ നടത്തിയത്. രണ്ട് സംസ്ഥാനങ്ങളിലേയും 44 ഇടങ്ങളിലായാണ് ഒരേ സമയം എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പ്രതികൾ വിദേശത്ത് നിന്ന് സഹായം സ്വീകരിക്കുകയും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഐഇഡി നിർമ്മാണം ഉൾപ്പെടെ പ്രതികൾ നടത്തിയിരുന്നു. പിസ്റ്റളുകൾ, എയർ ഗൺ, വാളുകൾ, കത്തി, മാഗസിനുകൾ, ലാപ്ടോപ്പുകൾ, ആറ് ഹാർഡ് ഡിസ്‌കുകൾ, സിഡികൾ, 38 മൊബൈൽ ഫോണുകൾ, 51 ഹമാസ് പതാകകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 68 ലക്ഷത്തിലധികം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.