ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രാർത്ഥനസദസ് സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി. ഇന്ന് ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും സദസ് സംഘടിപ്പിക്കുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു അറിയിച്ചു.
മണിക്കൂറുകൾ നീണ്ട തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും പ്രായമായവരും ദുരിതം അനുഭവിക്കുകയാണ്. പലരും രോഗികളും മരുന്ന് കഴിക്കുന്നുവരുമാണ്. ഈ സാഹചര്യത്തിലാണ് മണിക്കൂറുകളോളം വെള്ളം ഭക്ഷണവും ഇല്ലാതെ ഭക്തർ വരി നിൽക്കുന്നത്. കഴിഞ്ഞ ദിവസം തിരക്കിൽപ്പെട്ട് മാളികപ്പുറം മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സദസ്. അടിസ്ഥാന സൗകര്യമൊരിക്കുന്നതിൽ ദേവസ്വം ബോർഡിനുണ്ടായ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ശബരിമല തീർത്ഥാടനത്തിന് സുഗമമായ പദ്ധതികൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാരും ദേവസ്വം ബോർഡും അടിസ്ഥാന സൗകര്യങ്ങൾ പോലും ശബരിമലയിൽ ഒരുക്കാൻ തയ്യാറായിട്ടില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് ബിജു പറഞ്ഞു. ശബരിമലയിലെത്തുന്ന വിവിഐപികൾക്ക് സുഗമ ദർശനം അനുവദിക്കുകയും പാവപ്പെട്ടവരെയും സാധാരണക്കാരെയും തീർത്ഥാടന പാതയിൽ തടഞ്ഞുനിർത്തി നരകയാതനകളിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















