ലക്നൗ: അയോദ്ധ്യയിലെ രാമകഥ സംഗ്രഹാലയത്തെ അന്താരാഷ്ട്ര മ്യൂസിയമാക്കി മാറ്റാനൊരുങ്ങി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. വരുന്ന ഒരു വർഷത്തിനുള്ളിൽ രാജ്യാന്തര മ്യൂസിയം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് രാമക്ഷേത്ര നിർമാണ സമിതി പറഞ്ഞു.
2020 ഓഗസ്റ്റിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടുമ്പോൾ ലഭിച്ച പുരാവസ്തുക്കളും രാമായണവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രാഹലയത്തിന് പിന്നിൽ പ്രവർത്തിച്ച വിദഗ്ധ സംഘമാകും ഇതിന് മാർഗനിർദ്ദേശം നൽകുകയെന്ന് ട്രസ്റ്റംഗം പറഞ്ഞു.
2015-ലാണ് രാംകഥ സംഗ്രാഹലയം യാഥാർത്ഥ്യമായത്. അന്ന് 12.31 കോടി രൂപ ചെലവിലാണ് മൂന്ന് ഏക്കർ സ്ഥലത്ത് 18 മുറികളുള്ള ഒറ്റനില കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. രാമകഥ സംഗ്രഹാലയം ട്രസ്റ്റിന് കൈമാറുന്നതിനായി ഒക്ടോബറിൽ സംസ്ഥാന സർക്കാരും ട്രസ്റ്റുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു.















