നടി സുരഭി സന്തോഷ് വിവാഹിതയാകുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ വരൻ. എന്നാൽ മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളർന്നത് മുംബൈയിലാണ്.

ഇരുവരുടെയും വീട്ടുകാർ ചേർന്ന് ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇരുവരുടെയും വിവാഹ ആലോചനയും പെണ്ണുകാണൽ ചടങ്ങും മറ്റും നടന്നത്. പിന്നീട് രണ്ടുവീട്ടുകാരും ചേർന്ന് ലളിതമായ രീതിയിൽ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു വിവാഹ നിശ്ചയം. എന്നാൽ പരസ്പരം മനസ്സിലാക്കാൻ ഞങ്ങൾക്ക് സമയം ആവശ്യമായതുകൊണ്ടാണ് വിവാഹം നീട്ടിവെച്ചതെന്നും നടി പറയുന്നു.

നേരത്തെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വരന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അടുത്തിടെ സുരഭിതന്നെയാണ് വരന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

2024 മാർച്ച് 25 നാണ് ഞങ്ങളുടെ വിവാഹം. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകൾ നടക്കുക. എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുകയും എനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവെന്നും താരം പറയുന്നു.

2018 ലാണ് സുരഭി അഭിനയരംഗത്തെയ്‌ക്ക് കടന്നു വന്നത്. ഒരു നടി എന്നതിലുപരി അഭിഭാഷകയും നർത്തകിയും മോഡലുമാണ് സുരഭി. കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. ശേഷം നിരവധി സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ താരം അഭിനയ രംഗത്ത് തിളങ്ങി.















