ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ വിദ്യാർത്ഥിക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങളായ സീനിയർ വിദ്യാർത്ഥികളുടെ ചെരുപ്പെടുക്കാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നാണ് എസ്എഫ്ഐ യൂണിറ്റിലെ തന്നെ ജോയിന്റ് സെക്രട്ടറിയായ ജിഷ്ണുവിന് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജിൽ നടക്കുന്ന ലഹരി ഉപയോഗവും ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് ജിഷ്ണു ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യവും റാഗിങ്ങ് ചോദ്യം ചെയ്തതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ജിഷ്ണു പറഞ്ഞു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ചെന്നും കണ്ണിൽ പെപ്പർ സ്പ്രേ ഒഴിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തിൽ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയതായി യുവാവ് പറഞ്ഞു.