പ്രഭാസ് നായകാനായെത്തുന്ന സലാറിന്റെ ആദ്യ ഗാനം പുറത്ത്. മലയാളത്തിൽ ‘സൂര്യാംഗം ചിറകു തുന്നി സ്നേഹാദ്രം മിഴികൾ ചിമ്മി…’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ സുഹൃത്തുക്കളായെത്തുന്ന പ്രഭാസിന്റെയും പൃഥിരാജിന്റെയും സുഹൃത്ത് ബന്ധമാണ് ലിറിക്കൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
തെലുങ്ക്,കന്നട,ഹിന്ദി,തമിഴ്,മലയാളം എന്നീ ഭാഷകളിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ ഇന്ദുലേഖ വാരിയറാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദനാണ് വരികൾ രചിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ രവി ബസ്റുറാണ്.
ചിത്രം ഡിസംബർ 22 നാണ് റിലീസ് ചെയ്യുന്നത്. സലാറിന് കെജിഎഫുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രശാന്ത് നീൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയായെത്തുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.















