പത്തനംതിട്ട: നവകേരളാ സദസിന് ആളെ കൂട്ടാനുള്ള അധികാരികളുടെ ആവേശത്തിന് ശമനമില്ല. തിരുവല്ലാ നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരളാ സദസിൽ എല്ലാ അദ്ധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്നാണ് സബ് കളക്ടറുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് തിരുവല്ല സബ് കളക്ടർ ഇറക്കിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ന് ഉച്ചക്കാണ് തിരുവല്ലയിൽ നവകേരളാ സദസ് നടക്കുന്നത്. തിരുവല്ല എസ്.സി.എസ് ഗ്രൗണ്ടിലാണ് പരിപാടി. തിരുവല്ല നിയോജക മണ്ഡലത്തിലെ എല്ലാ അദ്ധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്നും മുഴുവൻ സമയവും പരിപാടിയിൽ ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ അതത് വകുപ്പിലുള്ളവർ കൃത്യമായി രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പരമാർശിക്കുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തെ നവകേരളാ സദസിന്റെ വിളംബര ഘോഷയാത്രയിൽ എല്ലാ സ്കൂളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് കാണിച്ചുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ സർക്കുലർ പുറത്തുവന്നിരുന്നു. കൊല്ലം ചിതറ പഞ്ചായത്ത് പ്രസിഡന്റ് എംഎസ് മുരളിയാണ് നിർദ്ദേശിച്ചത്. അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പെടെ എൻസിസി, എൻഎസ്എസ്, ജെആർസി, എസ്പിസി വോളണ്ടിയർമാരും പിടിഎ ഭാരവാഹികളും പങ്കെടുക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരുന്നത്.