ടെൽ അവീവ്: ഗാസയിലുള്ള ആശുപത്രികളെ ഹമാസ് ഭീകരർ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളാക്കി ദുരുപയോഗിച്ചിരുന്നുവെന്ന തുറന്നു പറച്ചിലുമായി കമൽ അദ്വാൻ ആശുപത്രി ഡയറക്ടറും ഹമാസ് അംഗവുമായ അഹമ്മദ് കഹലോട്ട്. ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് അഹ്മദ് കഹലോട്ടിന്റെ വെളിപ്പെടുത്തൽ. ഈ മാസം 12ന് കമൽ അദ്വാൻ ആശുപത്രിയിൽ ഇസ്രായേൽ പ്രതിരോധ സേനയും ഐഎസ്എയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്.
2010 മുതൽ താൻ ഹമാസിന്റെ ഭാഗമാണെന്നാണ് അഹമ്മദ് കഹലോട്ട് പറഞ്ഞത്. ബ്രിഗേഡിയർ ജനറൽ റാങ്കോടെയാണ് അഹമ്മദിനെ ഹമാസിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ക്ലാർക്കുമാർ തുടങ്ങീ ആശുപത്രിയിലെ 16ഓളം ജീവനക്കാർ ഇസ് അദ്ദിൻ അൽ ഖസ്സാം ബ്രിഗേഡിലുള്ളവരാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
സുരക്ഷിത താവളമെന്ന നിലയിലാണ് ഹമാസ് ആശുപത്രികളെ കേന്ദ്രമാക്കിയതെന്നും അഹമ്മദ് പറയുന്നു. ആശുപത്രികളിലായിരിക്കുമ്പോൾ തങ്ങളെ ലക്ഷ്യം വയ്ക്കില്ല എന്ന ബോധ്യത്തോടെയാണ് ഇവിടം സൈനിക കേന്ദ്രങ്ങളാക്കി ഉപയോഗിച്ചത്. ഹമാസ് തട്ടിക്കൊണ്ടു വന്ന ഒരു സൈനികനേയും ആശുപത്രിയിൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതായും ഇയാൾ പറഞ്ഞു.
തട്ടിക്കൊണ്ടു വന്ന സൈനികനെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാനും, മൃതദേഹങ്ങൾ കൊണ്ടു പോകാനുമെല്ലാം ആശുപത്രികളിലെ ആംബുലൻസുകളും ഉപയോഗിച്ചിരുന്നു. എന്നാൽ പരിക്കേറ്റവർക്കായി ആംബുലൻസ് സേവനം ഉപയോഗിച്ചിരുന്നില്ല. ആശുപത്രികളിലായി പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളിൽ ഹമാസ് അംഗങ്ങൾക്കായി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും അഹമ്മദ് കഹലോട്ട് പറഞ്ഞതായി ഇസ്രായേൽ വ്യക്തമാക്കി.