രാഹുലിനെ ഒഴിവാക്കി, ഖാർഗെയെ കെണിയിലാക്കി; പ്രധാനമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

Published by
Janam Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന്മേലുള്ള ഇൻഡി മുന്നണിയിലെ ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമതയും കെജ്‌രിവാളും ചേർന്ന് രാഹുലിനും ഖാർഗെയ്‌ക്കും കെണിയിലാക്കുകയാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുൽ രംഗത്തുള്ളപ്പോൾ കോൺഗ്രസിൽ നിന്നും മറ്റൊരാളെ ആ സ്ഥാനത്തേക്ക് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇരു നേതാക്കൾക്കും അറിയാം. എന്നിട്ടും ഖാർഗെയുടെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്നും രാഹുലിനെ തന്ത്രപൂർവം ഒഴിവാക്കാനായിരുന്നുവെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഇൻഡി സഖ്യ യോഗത്തിലായിരുന്നു പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. മമതയാണ് ആദ്യം നിർദ്ദേശം മുന്നോട്ടുവച്ചത്. ഇതിനെ കെജ്‌രിവാൾ പിന്തുണയ്‌ക്കുകയായിരുന്നു. പിന്നാലെ മറ്റ് നേതാക്കളും നിർദ്ദേശത്തെ പിന്താങ്ങി. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് ഖാർഗെ യോഗത്തിൽ അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുന്നണി പ്രഥമപരിഗണന നൽകുന്നതെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. കേവല ഭൂരിപക്ഷം ലഭിക്കുന്നതിനായി മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ശേഷമാകും ആരാണ് പ്രധാനമന്ത്രിയാകും എന്നതിനെക്കുറിച്ച് തീരുമാനമെടുക്ക. നിലവിൽ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Share
Leave a Comment