മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂരുകാരുടെ കാണപ്പെട്ട ദൈവമായ മുത്തപ്പൻ ഇപ്പോൾ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട പ്രത്യക്ഷ ദൈവമാണ്. പറശ്ശിനിക്കടവ്, പുരളിമല ,കുന്നത്തൂർപാടി എന്നിവയാണ് മുത്തപ്പന്റെ പ്രധാനക്ഷേത്രങ്ങൾ. ഇതിൽ പറശ്ശിനിയും പുരളിമലയും നിത്യപൂജ ഉള്ള ക്ഷേത്രങ്ങളാണ്. അതിൽ നിന്ന് വ്യത്യസ്തമായി വർഷത്തിൽ ഒരു മാസം മാത്രമേ കുന്നത്തൂർ പാടിയിൽ പോകാൻ കഴിയുകയുള്ളൂ. അത് ധനുമാസം നടക്കുന്ന തിരുവപ്പന സമയത്താണ്.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. ആദി മടപ്പുര എന്നാണ് പറയുക.കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ് കുന്നത്തൂർ പാടി.പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കാടിന്റെ ഉള്ളിലാണ് ഈ കാവ്. അവിടെ കെട്ടിടമോ ക്ഷേത്രമോ ഒന്നുമില്ല. ഒരു ചെറിയ പാറയിടുക്ക്. ഏതാണ്ട് ഗുഹ പോലെ തോന്നിക്കും. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഉത്സവസമയത്ത് മാത്രം അവിടെ വൃത്തിയാക്കി ഗുഹയുടെ മുന്നിലും വശങ്ങളിലും മെടഞ്ഞ ഓല കെട്ടി താത്കാലിക സംവിധാനമുണ്ടാക്കും . മുത്തപ്പന്റെ സ്ഥാനത്തിന് മടപ്പുര എന്നാണ് പറയുക.

ഈ മടപ്പുരയുടെ മുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കി വേലികെട്ടും. മുത്തപ്പനെ കൂടാതെ വേറെയും ഭഗവതിമാരുടെ തെയ്യങ്ങൾ ഉണ്ട്. പാടി ഉത്സവസമയത്ത് ദിവസം മുഴുവൻ പോകാമെങ്കിലും കാട്ടിൽ പ്രകൃതിദത്തമായ ഗാലറിയിലിരുന്ന് മഞ്ഞു കൊണ്ട് മുത്തപ്പനെ കാണുന്നതിന്റെ ആസാദിക്കാനായി രാത്രിയാണ് കൂടുതൽ ആളുകൾ വരുന്നത്.

താഴെയുള്ള റോഡിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം നടക്കാൻ ഉണ്ട്. തണുപ്പിനെ മറികടക്കാൻ വഴിയിൽ നല്ല ചൂട് ചുക്കുകാപ്പി കിട്ടും.
ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).

ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവം ഈ വര്ഷം ധനു 2( ഡിസം.18) ന് തുടങ്ങി. കുന്നത്തൂർ പാടി വനത്തിനുള്ളിൽ താമസിച്ചിരുന്ന ആദിവാസി ഗോത്ര വിഭാഗമായ അടിയാന്മാരുടെ പരമ്പരാഗത ഉത്സവം കൂടിയാണ് കുന്നത്തൂർ പാടിയിൽ വർഷം തോറും നടക്കുന്ന മുത്തപ്പൻ ഉത്സവം. അടിയാന്മാരുടെ നിഗൂഡമായ ചില ചടങ്ങുകൾ ഈ ഉത്സവത്തിനു നടത്താറുണ്ട് .
ഫോട്ടോ :കുന്നത്തൂർ പാടി മുത്തപ്പന്റെ ആദി മടപ്പുര ഫേസ്ബുക്ക് പേജ്















