പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. സാധനങ്ങൾ വെക്കുന്നിടം പിന്നെ ഓർമ്മയുണ്ടാകില്ല, തലേദിവസം ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഓർമ്മക്കുറവ് മൂലം ചെയ്യാൻ സാധിക്കാതെ പോകുന്നു. ഇതൊക്കെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങളാണ്.
ചെറിയ ചെറിയ കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ഓർമ്മക്കുറവ് കൂടുതലായി ഉണ്ടാവുകയാണെങ്കിൽ അത് ഡിമെൻഷ്യ പോലുള്ള അവസ്ഥാന്തരങ്ങളിലേക്ക് വഴിവെക്കും. എന്നാൽ ഓർമ്മക്കുറവ് അകറ്റാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. അവ ഏതൊക്കെയെന്ന് നോക്കാം…
മത്സ്യം
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് മത്സ്യം. ദിവസേന മത്സ്യം കഴിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കുന്നു. കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. മത്സ്യത്തിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്.
മഞ്ഞൾ
ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആഹാരം പാകം ചെയ്യുമ്പോൾ കുറച്ച് മഞ്ഞൾ ചേർക്കുന്നത് ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും വളരെ ഗുണകരമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങളുടെ ഉത്പ്പാദനത്തിന് അത്യന്താപേഷിതമാണ്.
മുട്ട
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ അനുയോജ്യമാണ് മുട്ട. കോളിൻ ഉൾപ്പെടെ പോഷകസമൃദ്ധമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.
ചോക്ലേറ്റ്
ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡാർക്ക് ചോക്ലേറ്റുകൾ. ഇത് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ സഹായിക്കുന്നു.