എറണാകുളം: മറിയക്കുട്ടിക്ക് പെൻഷൻ നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാതിരുന്നാൽ മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പെൻഷൻ തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിലുൾപ്പെടെ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹർജി ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അഞ്ച് മാസമായി വിധവ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടി സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
കഴിഞ്ഞ ദിവസവും ഹൈക്കോടതി ഹർജി പരിഗണിച്ചിരുന്നു. പെൻഷൻ നൽകിയേ തീരുവെന്നും അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചിലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
സർക്കാരിന് മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാൻ പണമുണ്ടെന്നും പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചിലവെങ്കിലും കൊടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ആഘോഷങ്ങൾക്ക് കുറവുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.















