ശബരിമല ; ഇരുമുടിക്കെട്ടേന്തി മലചവിട്ടി നടൻ ജയറാം . ഇന്ന് സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ക്ഷേത്രദർശനത്തിനെത്തിയ ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ കൈകൂപ്പി വണങ്ങി നിന്നത് .
ശബരിമലയിൽ ഇടയ്ക്കിടെ എത്താറുള്ളയാളാണ് നടൻ ജയറാം. ആദ്യമായാണ് കഴിഞ്ഞ തവണ ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടിയത് . എന്ത് തിരക്കിനിടയിലും അതിന് മുടക്കം വരാതിരിക്കാൻ ജയറാം ശ്രമിക്കാറുണ്ട്.മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. മുൻപ് ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.
അതേസമയം ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 26 ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശേഷം പമ്പ ഗണപതി ശ്രീകോവിലിൽ ഭക്തർക്കായി ദർശനമൊരുക്കും.