കോഴിക്കോട്: പാർട്ടിയിലെ ചിലർ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തനിക്കെതിരെ പ്രവർത്തിച്ച ഇക്കൂട്ടരെയാണ് ഐഎൻഎല്ലിൽ നിന്ന് പുറത്താക്കിയത്. തനിക്കെതിരെ നവകേരള സദസിൽ ഉയർന്ന പരാതിയെക്കുറിച്ച് അറിയില്ല.
മാദ്ധ്യമങ്ങൾക്ക് ആരാണ് പരാതി എഴുതി കൊടുത്തതെന്ന് അറിയില്ല. പാർട്ടിയിലെ അധികാരമോഹികളാണ് മന്ത്രിപദവിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചത്. ഇവരൊഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. എന്നാൽ തിരികെ വരുന്നവർ പാർട്ടിയുടെ അച്ചടക്കവും ഭരണഘടനയും അംഗീകരിക്കണം.
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ഐഎൻഎൽ. അച്ചടക്കം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു പാർട്ടിക്കും മികച്ച രീതിയിൽ മുന്നോട്ട് പോകാനാവൂ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കവിരുദ്ധമായി പ്രവർത്തിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതുവരെയും ഐഎൻഎല്ലിൽ പിളർപ്പുകളുണ്ടായിട്ടില്ല. ആദ്യമായാണ് ഐഎൻഎൽ മന്ത്രിസഭയുടെ ഭാഗമായത്. ആ സമയത്ത് പാർട്ടിയിലെ ചില അധികാരമോഹികൾക്ക് നിരാശയുണ്ടായി എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ സന്തോഷിക്കേണ്ടതിന് പകരം അവർ ശ്രമിച്ചത് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാനാണ്.- അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.