തിരുവില്വാമല: ആചാരാനുഷ്ഠാനങ്ങൾക്ക് ഊന്നൽ നൽകി പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഇന്ന് കളിയാട്ടം അരങ്ങേറുന്നു.
ഡിസംബർ 26 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ചടങ്ങുകൾ അർദ്ധരാത്രിയും പിന്നിട്ടാണ് അവസാനിക്കുക. ചുടലഭദ്രകാളി തെയ്യം, ഭൈരവൻ തെയ്യം, പൊട്ടൻ തെയ്യം ഗുളികൻ തിറ, തുടങ്ങിയ വിവിധ തെയ്യം കലാരൂപങ്ങളാണ് ശ്മശാന ഭൂമിയിൽ ആടിത്തിമർക്കുന്നത്.
അത്യപൂർവ്വമായ തെയ്യമാണ് ചുടലഭദ്രകാളി തെയ്യം,അഗ്നി നൃത്തവും ഖഡ്ഗ നൃത്തവും ഈ കളിയാട്ടത്തിന്റെ സവിശേഷതകളാണ്. ഈ തെയ്യം അവതരിപ്പിക്കുമ്പോഴുള്ള ചില ഭാവങ്ങൾ മൊബൈൽ ഫോണിലോ ക്യാമെറയിലോ പകർത്താൻ പാടില്ല എന്നുള്ള കർശന നിർദേശം സംഘാടകർ നൽകിയിട്ടുണ്ട്.അഥവാ പകർത്തിയാൽ അതിന്റെ ഉത്തരവാദിത്തം അങ്ങിനെ ചെയ്യുന്നവർക്ക് മാത്രമായിരിക്കും എന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

ചുടലയ്ക്കുള്ളിൽ ചുടലഭദ്രകാളി ആടുന്ന ലോകത്തെ ഏകസ്ഥലമാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിഗ്രാമമായ തിരുവില്വാമലയിലെ പാമ്പാടി ഐവർമഠം മഹാശ്മശാനത്തിൽ നടക്കുന്ന കളിയാട്ടം.
കോഴിക്കോടിനിപ്പുറം ( കോരപ്പുഴയ്ക്കിപ്പുറം എന്നും അഭിപ്രായഭേദമുണ്ട് ) അനുഷ്ഠാനപരമായി തെയ്യമാടുന്ന ഏകസ്ഥലമാണ് പാമ്പാടി ഐവർമഠം എന്ന് പറയപ്പെടുന്നു. തെയ്യമില്ലാത്ത മറ്റു ദേശക്കാർക്ക് തെയ്യത്തെ നേരിൽ കാണാൻ ഒരവസരമാണ് ഇത്. എല്ലാ വർഷവും മലയാളം കലണ്ടർ അനുസരിച്ച് ധനുമാസം പത്തിനാണ് തിരുവില്വാമല ഐവർമഠം മഹാശ്മശാനത്തിൽ കളിയാട്ടം.
തൃശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിലെ ഐവർ മഠത്തിന് പുരാണ പ്രാധാന്യമുണ്ട്. മഹത്തായ കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവർ യുദ്ധത്തിൽ വധിച്ച കുടുംബാംഗങ്ങളെയും ഗുരുക്കന്മാരെയും ആരാധിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

കേരള ഫോക്ക്ലോർ അക്കാഡമിയുടെ സഹകരണത്തോടെ തിരുവില്വാമല ഐവർമഠം പൈതൃക സാംസ്കാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് കളിയാട്ട ചടങ്ങുകൾ സംഘടിപ്പിക്കുന്നത് . കാർഷിക അഭിവൃദ്ധി, കന്നുകാലി ക്ഷേമം, പകർച്ചവ്യാധി നിയന്ത്രിക്കുക, പട്ടിണി ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ അവതരണംകൊണ്ട് ലക്ഷ്യമിടുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ അനീഷ് പെരുമലയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളിയാട്ടം അവതരിപ്പിക്കുന്നത്.
മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഒറ്റപ്പാലം എം.എൽ.എ അഡ്വ. പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും . ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.















