ലണ്ടൻ: സ്വപ്ന ജോലി നേടാനായി ഗ്ലാമറസ് ലോകത്തോട് വിട പറഞ്ഞ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റായ 23-കാരിയാണ് താരം. തന്റെ മോഡലിംഗ് കരിയർ ഉപേക്ഷിച്ചായിരുന്നു ആഗ്രഹിച്ച ജോലി അവൾ പ്രയത്‌നിച്ച് നേടിയത്. ലോറി ഡ്രൈവറാകുക എന്നതായിരുന്നു മില്ലി എവററ്റ് എന്ന യുവതിയുടെ സ്വപ്നം.
2018ൽ മിസ് ലിങ്കൺഷെയർ ആയിട്ടുള്ള വ്യക്തിയാണ് മില്ലി. പിന്നീടവൾ മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റ് ആവുകയും ചെയ്തു. കാർഷിക കുടുംബത്തിൽ ജനിച്ച മില്ലി, കൃഷിയിടത്തിൽ ട്രാക്ടറുകൾ ഓടിച്ച് വളർന്നവളാണ്. വലുതായതിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയ്‌ക്ക് വീണ്ടും ഡ്രൈവർ മോഹം ഉണർന്നു. ക്ലാസ് 1, ക്ലാസ് 2 എച്ച്ജിവി (ഹെവി ഗുഡ് വെഹിക്കിൾ) ലൈസൻസ് നേടുക എന്നതായിരുന്നു മില്ലിയുടെ ലക്ഷ്യം. യുകെയിൽ 44 ടൺ ഭാരവാഹകശേഷിയുള്ള വാഹനങ്ങൾ ഓടിക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. കൊറോണ മഹാമാരിക്ക് ശേഷം ഡ്രൈവർമാരുടെ ഒഴിവുകൾ ധാരാളം വന്നതോടെ ലൈസൻസ് നേടാനുള്ള പരിശ്രമത്തിലായി മില്ലി.
“ഒരു പുരുഷകേന്ദ്രീകൃത മേഖലയിൽ ഇവിടെ ഒരു സ്ത്രീ എത്തി കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും സ്ത്രീകൾ പൊതുവെ ഇറങ്ങാൻ മടിക്കുന്ന ഒരു തൊഴിൽ മേഖലയിൽ വിജയകരമായി ഒരു സ്ത്രീ മുന്നേറുന്നുവെന്നത് മറ്റ് സ്ത്രീകൾക്കും പ്രചോദനമാകും. അത്തരത്തിലൊരു ഉദാഹരണമാകാൻ എനിക്ക് സാധിക്കുമെങ്കിൽ അതിൽ സന്തോഷം മാത്രമേയുള്ളൂ.” – മില്ലി പറയുന്നു.
ഡ്രൈവിംഗ് എന്ന ജോലി തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ഏറ്റവുമധികം ആകർഷിച്ചതെന്നും മില്ലി ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, മികച്ച വേതനം ലഭിക്കുന്നുവെന്നതും ഈ ജോലി തിരഞ്ഞെടുക്കാൻ കാരണമാണെന്നും അവർ പ്രതികരിച്ചു. രാജ്യത്തെ എച്ച്ജിസി ഡ്രൈവർമാരിൽ രണ്ട് ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. അതിലേക്കാണ് ഇപ്പോൾ മില്ലിയും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.















