നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ(53) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ജോളിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെംഗളൂരുവിൽ സ്ഥിര താമസക്കാരാനായ ജോളി ക്രിസ്മസ് പ്രമാണിച്ചാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച ചെന്നൈയിൽ നടക്കും.
ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി സിനിമയിൽ എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിലും സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ മാസ്റ്റർപീസ്, കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം തുടങ്ങിയ സിനിമകളിൽ സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡാണ് അവസാന ചിത്രം. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോളിയാണ്.















