മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ-റഷ്യ സംഘർഷം ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായി. അടുത്ത വർഷം റഷ്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുടിൻ ക്ഷണിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ കഴിഞ്ഞ ദിവസം റഷ്യയിലെത്തിയത്.
യുക്രെയ്നുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇന്ത്യയുമായി പങ്കുവയ്ക്കാൻ തയ്യാറാണെന്നും പുടിൻ അറിയിച്ചിട്ടുണ്ട്.
” യുക്രെയ്നുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പലതവണയായി ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ മാർഗത്തിലൂടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങാൻ അദ്ദേഹം തയ്യാറാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് വിശദ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണ്” പുടിൻ പറഞ്ഞു.
റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വ്യാപാര വിറ്റുവരവിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും പുടിൻ ചൂണ്ടിക്കാട്ടി. തുടർച്ചയായ രണ്ടാം വർഷവും ഇത് സ്ഥിരതയോടെ മുന്നോട്ട് പോകുന്നു. ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി വർദ്ധിപ്പിച്ചത് വളർച്ചയ്ക്ക് ഏറെ സഹായകരമായി. ഈ വർഷത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണെന്നും പുടിൻ പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന്, ചർച്ചയ്ക്ക് ശേഷം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ഇതുവരെ 21 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. 2021 ഡിസംബറിൽ ഡൽഹിയിലായിരുന്നു അവസാന ഉച്ചകോടി.