ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഐപിസി 324, 326 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. കുത്തിയതോട് പോലീസിന്റേതാണ് നടപടി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് കേസ്. ഇരുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സാരമായി പരിക്കേറ്റ കുഞ്ഞ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്താനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈയിൽ പൊട്ടലുണ്ടായതായും ശരീരം മുഴുവൻ ചൂരലുകൊണ്ട് അടിച്ച പാടുകൾ ഉള്ളതായും പോലീസ് അറിയിച്ചു.
അമ്മ ദീപയും അച്ഛൻ ബിജുവും ഏതാനും നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ആലപ്പുഴയിൽ അമ്മയോടൊപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഇവിടെ അമ്മയുടെ സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിനെ ബിജുവിന്റെ വീട്ടിലെത്തി കൃഷ്ണകുമാർ ഏൽപ്പിച്ചു. അപ്പോഴാണ് മകന്റെ ശരീരത്തിലെ ചൂരൽ പാടുകൾ വീട്ടുകാർ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞ് അതിക്രൂര മർദ്ദനത്തിന് വിധേയനായിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കുഞ്ഞിന്റെ മൊഴി പ്രകാരം പോലീസ് കേസെടുത്തത്.