കൊച്ചി: ആലുവയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. സംഭവ സമയത്ത് ബസിനുള്ളിൽ അധികം യാത്രക്കാർ ഇല്ലാതിരുന്നതും മറ്റ് വാഹനങ്ങൾ കടന്നു പോകാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം.
വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന്് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ മുന്നിലെ ടയർ ഊരിപ്പോയതിന് ശേഷവും വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി. ടയർ ഊരിപ്പോയ മുൻ ഭാഗത്തെ റിമ്മും തകർന്നിട്ടുണ്ട്. ആർഎസ്ഇ 308 എന്ന സീരിസിൽ ഉള്ള ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ടയർ ഊരിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.