കൊച്ചി : ഉണ്ണി മുകുന്ദനെ വർഗീയവാദിയാക്കി സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി താരം . ഉണ്ണി മുകുന്ദൻ തന്റെ കരിയറിന്റെ വളർച്ചയ്ക്കു വേണ്ടി ചില രാഷ്ട്രീയപാർട്ടികളെ സുഖിപ്പിക്കാൻ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് മൂവി സ്ട്രീറ്റിൽ വന്ന ഒരു പോസ്റ്റിൽ പറയുന്നത്.
മല്ലു സിങ് അല്ലാതെ മലയാളത്തിൽ ഉണ്ണി മുകുന്ദന് മറ്റൊരു ഹിറ്റ് ചിത്രമില്ലെന്നും സ്വന്തം സ്വാർഥ താൽപര്യത്തിനുവേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത ഉണ്ണിമുകുന്ദന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റിൽ ആരോപിക്കുന്നു. എന്നാൽ ഈ പോസ്റ്റിന് കൃത്യമായ മറുപടിയാണ് ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്നത് . മാളികപ്പുറംഊ ഒരു അജണ്ടയുള്ള സിനിമയാണെന്ന് കരുതുന്നവർക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
‘ നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റിൽ എന്നെ വർഗീയവാദി ആക്കുന്നതുപോലെ തന്നെ തീയറ്ററിൽ വന്നു സിനിമ കണ്ടവരെയും അത്തരത്തിൽ ചിത്രീകരിക്കുകയാണ് എന്ന് മനസിലാക്കുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം വളർത്താൻ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കാൻ സമ്മതം കൊടുത്തതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാൻ സാധിക്കില്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്നറാണ്. ഈ സിനിമ നിങ്ങൾ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം.’’– ഉണ്ണി മുകുന്ദൻ കുറിച്ചു.