വയനാട്: കാട്ടാനക്കുട്ടിയെ ജനവാസ മേഖലയിൽ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ കുറുച്ചിപ്പറ്റ മേഖലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഓവുചാലിൽ അകപ്പെട്ട നിലയിൽ ഉച്ചക്ക് 12.30 -ഓടെ നാട്ടുകാരാണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയാനയെ കാടുകയറ്റി.
ഓവുചാലിൽ കിടന്നിരുന്ന കുട്ടിയാനയെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ആനകുട്ടിയെ നടത്തിച്ച് കാട് കയറ്റുകയായിരുന്നു.
കാടിനോട് ചേർന്നുള്ള പ്രദേശമാണ് പുൽപ്പള്ളിക്ക് സമീപമുള്ള കുറുച്ചിപ്പറ്റ പ്രദേശം. റോഡ് മുറിച്ച് കടന്നപ്പോഴായിരിക്കും ആനകുട്ടി ഓവുചാലിൽ വീണതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് ആനക്കൂട്ടങ്ങൾ തമ്പടിച്ചിരുന്നതിനാൽ കുട്ടിയാനയെ പെട്ടെന്ന് തന്നെ അമ്മയാനയുടെ അടുത്തെത്തിക്കാൻ സാധിച്ചു.