ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ലക്ഷദ്വീപ് എന്ന വാക്ക്. 50,000-ലധികം ഉപയോക്താക്കളാണ് ലക്ഷദ്വീപ് എന്ന വാക്ക് തിരഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപ് സന്ദർശിച്ച് ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് ഓൺലൈനിൽ ലക്ഷദ്വീപ് ട്രൻഡിംഗായത്. ഇക്കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2 മുതൽ ജനുവരി 3 വരെ ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ, ലക്ഷദ്വീപിൽ വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിന്റെ സൗന്ദര്യത്തിന്റെയും സാധ്യതകളുടെയും ഒരു പ്രദർശനമായിരുന്നു അത്. തെളിഞ്ഞ നീല ജലാശയങ്ങളിൽ സ്നോർക്കെലിംഗ് മുതൽ ബീച്ചുകളിൽ പ്രഭാത നടത്തം വരെയുള്ള ചിത്രങ്ങൾ രാജ്യത്തുടനീളം ചർച്ചയായി. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഇത് പങ്കുവെക്കപ്പെട്ടു.
അതിമനോഹരമായ ഭൂപ്രകൃതിയാണ് ലക്ഷദ്വീപിന്റെ ആകർഷണം. 36 ദ്വീപുകൾ ഉൾപ്പെടുന്ന സമൂഹത്തെ സ്വദേശികൾ പോലും വിസ്മരിച്ചിരിക്കുകയായിരുന്നു. കടൽ പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. ചൈനീസ് പാളയത്തിൽ ചേർന്ന് മാലി ദ്വീപുകൾക്ക് വലിയ വെല്ലുവിളിയാകും ലക്ഷദ്വീപിന്റെ വളർച്ചയെന്നതാണ് പ്രധാനമന്ത്രിയിടെ സന്ദർശനത്തിൻെറ ആഗോളതലത്തിലെ പ്രതിഫലനം.