ബെംഗളൂരു: നടുറോഡിലുണ്ടായ വാക്ക് തർക്കത്തിനിടെ കാർയാത്രികരിലേക്ക് ട്രക്ക് പാഞ്ഞുകയറി,നാലുപേർ തത്ക്ഷണം മരിച്ചു. കർണാകടയിലെ ബെല്ലിഗാട്ടി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഹാസൻ സ്വദേശികളായ ചന്ദൻ ഗൗഡ (39), മണികാന്ത് (26), പവൻ (23), ഹരീഷ് കുമാർ (40) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ നടുറോഡിൽ വാക്കുത്തർക്കമുണ്ടായി. ഇതിനിടെ അമിത വേഗത്തിലെത്തിയ ട്രക്ക് കാർ യാത്രക്കാരിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഹാസനിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കാറിൽ അഞ്ച് പേരും ബെംഗളൂരുവിൽ നിന്ന് ഷിർദിയിലേക്ക് വരികയായിരുന്ന കാറിൽ മൂന്ന് പേരുമുണ്ടായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗതയും, കനത്ത മൂടൽമഞ്ഞുമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.