തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം കോളേജ് വിദ്യാർത്ഥി മിഥു മോഹന്റെ മരണത്തിൽ യുവതിക്കെതിരെ പരാതിയുമായി സുഹൃത്തുക്കളും വീട്ടുകാരും. 23 കാരനായ മിഥു കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. ബാഡ്മിന്റണിലും ആർച്ചറിയും ദേശീയ തലത്തിൽ കഴിവ് തെളിയിച്ച യുവാവിനെ വിവാഹ വാഗ്ദാനം നൽകി യുവതി പറ്റിച്ചെന്നും മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയെന്നും അവർ ആരോപിക്കുന്നു. യുവാവിന്റെ ആത്മഹത്യ കുറിപ്പും മറ്റു തെളിവുകളും ചേർത്ത് ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പണത്തിന് പുറമെ മാല, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവയും വാങ്ങി നൽകിയിരുന്നതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു.
പിജി വിദ്യാർത്ഥിയായിരുന്ന മിഥുവും പെൺകുട്ടിയും ഒരേ കോളേജിലായിരുന്നു പഠിച്ചത്. യുവാവുമായി അഞ്ചുവർഷം പ്രണയത്തിലായിരുന്ന യുവതിക്കെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. യുവാവിന്റെ ആത്മഹത്യ കുറിപ്പിലും യുവതിക്കെതിരെ പരാമർശമുണ്ട്. വഴുതൂർ സ്വദേശിയാണ് മിഥു മോഹൻ. യുവതിക്കും കുടുംബത്തിനുമെതിരേ ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. യുവാവിനേ ആത്മഹത്യക്ക് തള്ളിവിട്ടതിൽ യുവതിക്കും അമ്മയ്ക്കും പങ്കുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. രണ്ടാം തീയതി ആത്മഹത്യ ചെയ്യുന്നതിന് മുൻപും മിഥും യുവതിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും കുറിപ്പുകളും വീട്ടുകാർ പോലീസിന് നൽകിയിരുന്നു.