ഗാന്ധിനഗർ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. ഗാന്ധിനഗറിലെ മഹാത്മാ നഗറിൽ സംഘടിപ്പിച്ചിരിക്കുന്ന 10-മത് വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്.
ജനുവരി 10 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സിആർ പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത് എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.
വൈബ്രറ്റ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഇന്ന് വൈകുന്നേരം അഹമ്മദാബാദിലെത്തും. പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. ഗുജറാത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. വിവിധ ലോകനേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.