ന്യൂഡൽഹി: പത്താമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. ഗാന്ധിനഗറിലെ മഹാത്മാ നഗറിലാണ് വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്.
പ്രധാനമന്ത്രിയോടൊപ്പം അഹമ്മദാബാദിൽ സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയിൽ യുഎഇ പ്രസിഡന്റ് പങ്കെടുക്കും. സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളം മുതൽ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്ററാണ് റോഡ് ഷോ നടക്കുന്നത്. പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് പുലർച്ചെ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി.
നാളെയാണ് സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുക്കൊണ്ട് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. മൂന്ന് ദിവസം ഗുജറാത്തിലുള്ള പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. റോഡ് ഷോയുടെയും ഉച്ചകോടിയുടെയും ഭാഗമായി അഹമ്മദാബാദിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.















