ഗാന്ധിനഗർ: ഇന്ത്യൻ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയിൽ യുഎഇ നടത്തുന്ന ഗണ്യമായ നിക്ഷേപങ്ങളെ കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024-ൽ പ്രതിനിധികളെയും പങ്കാളികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ തുറമുഖ ഇൻഫ്രാസ്ട്രക്ചറിൽ പുതിയ നിക്ഷേപങ്ങൾക്കായി യുഎഇയിൽ നിന്നുള്ള കമ്പനികളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.
ഈ കരാറുകൾ ഇന്ത്യയുടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ആഗോള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധവും വളർച്ചയുടെ ഗതിവേഗവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദക്കാലത്തെ പരിഷ്‌കാരങ്ങളാണ് ഈ വിജയത്തിന് കാരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒരു ദശാബ്ദം മുൻപ് സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ. എന്നാൽ ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറിയിരിക്കുന്നു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്ന് ഭാരതത്തിന്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരതയുടെ നെടുന്തൂണായാണ് ലോകം ഇന്ത്യയെ കാണുന്നത്.
വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്ത്, ജനകേന്ദ്രീകൃത വികസനത്തിൽ വിശ്വസിക്കുന്ന ഒരു പങ്കാളി, ആഗോള നന്മയിൽ വിശ്വസിക്കുന്ന ഒരു ശബ്ദം, വളർച്ചയുടെ ഒരു എഞ്ചിൻ, പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക കേന്ദ്രം, കഴിവുള്ള യുവാക്കളുടെ ശക്തികേന്ദ്രം, എന്നിങ്ങനെയെല്ലാമാണ് ലോകം ഭാരതത്തെ നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു















