ലക്നൗ: കുഞ്ഞിന് ചോറൂൺ നടത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും വീഡിയോയും ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ഗോരഖ്പൂരിൽ നടന്ന ചടങ്ങിലാണ് ഇസ്ലാംമതവിശ്വാസിയായ അമ്മയുടെ കുഞ്ഞിന്റെ ചോറൂൺ കർമ്മം യോഗി നിർവഹിച്ചത്.
തന്റെ കുഞ്ഞിന് യോഗി ആദിത്യനാഥ് ആദ്യ അന്നം നൽകുന്നത് ആഹ്ളാദത്തോടെ നോക്കിക്കാണുന്ന അമ്മയേയും വീഡിയോയിൽ കാണാം. ബുർഖ ധരിച്ച് പരമ്പരാഗത മുസ്ലീം വേഷത്തിലാണ് അമ്മ ചടങ്ങിന് എത്തിയത്. ചടങ്ങിന് ശേഷം കുഞ്ഞിന് സമ്മാനം നൽകിയാണ് യോഗി ആദിത്യനാഥ് മടങ്ങിയത്.
ഒരു ശിശുവിന്റെ വളർച്ചാ ഘട്ടത്തിലെ പ്രധാന ചടങ്ങാണ് ചോറൂൺ. ഹിന്ദുമതത്തിൽ അതീവപ്രാധാന്യമുള്ള ചടങ്ങാണ്. സംസ്കൃതത്തിൽ അന്നപ്രാശം എന്നാണ് അറിപ്പെടുന്നത്. ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതൻ കൂടിയാണ് യോഗി ആദിത്യനാഥ്. അതിനിടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്നത്.