സോഷ്യൽ മീഡിയയിൽ രാഷ്‌ട്രീയക്കാർ പരസ്പരം എതിരാളികളെ വിളിക്കുന്ന പേരാണ് മരവാഴ എന്നത്. ഇപ്പോൾ ഒന്നിനും കൊള്ളില്ലാത്തൊരാൾ എന്ന ഉപമയിൽ സാധാരണ ഇത് ഉപയോഗിച്ച് വരുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു ചെടിയുണ്ട്. മരങ്ങളിൽ പറ്റിപിടിച്ച് വളരുന്ന ഒരു ചെടിയുടെ പേരാണ് മരവാഴ. പിന്നീട് എപ്പോഴോ മറ്റു പലവാക്കുകളുടെയും അർത്ഥവും ഉപയോഗവും മാറിയത് പോലെ മരവാഴക്കും അർത്ഥം ഉണ്ടാവുകയായിരുന്നു.
ഉപയോഗശൂന്യമായ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥത്തിൽ ഈ വാക്ക് വ്യാപകമായി ഉപയോഗിച്ച് വരികയായിരുന്നു. എങ്കിലും ഈ ചെടി അത്രക്ക് ഉപയോഗ ശൂന്യമല്ല എന്നതാണ് യാഥാർത്ഥ്യം.
ഓർക്കിഡ് ഇനത്തിൽപ്പെട്ട സസ്യമായ മരവാഴയുടെ ശാസ്ത്രനാമം വാൻഡ സ്പതൂലത എന്നാണ്. മരവാഴയെ മുൻപൊക്കെ കാട്ടുചെടിയായി കണ്ട് ഉപയോഗിക്കില്ലായിരുന്നു. എന്നാലിപ്പോൾ വീടുകളിൽ അലങ്കാരത്തിന് ഉപയോഗിക്കുന്നവരുണ്ട്. ഇതിന്റെ പൂക്കൾ വളരെക്കാലം കേടുകൂടാതെ ഇരിക്കുന്നതിനാലാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.
അസം മുതൽ ചൈന വരെയുള്ള മലനിരകളാണ് മരവാഴയുടെ ജന്മദേശം. അസമിൽ ബടൗ ഫൂൽ എന്നും മണിപ്പൂരിയിൽ ക്വാക്ലെയ് എന്നും സംസ്കൃതത്തിൽ വന്ദാർ എന്നും മരവാഴയുടെ പൂവിനെ അറിയപ്പെടുന്നു. എന്നാൽ, മലേഷ്യൻ നാടുകളിൽ ഈ ചെടിയിൽ നിന്നും പിഴിഞ്ഞ് കിട്ടുന്ന നീര് സര്‍വ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു. പുഷ്പത്തിന്റെ നീര് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയ്‌ക്കും നല്ലതെന്നാണ് പറയപ്പെടുന്നത്.















