എറണാകുളം: ആലുവയിൽ വൻ കഞ്ചാവ് വേട്ട. വൻ തോതിൽ കഞ്ചാവെത്തിച്ച് ആലുവ നഗരം കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് എക്സൈസ് പിടികൂടിയത്. ഒഡീഷ സ്വദേശി സൂര്യ മാലിക് ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നും പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്ത കഞ്ചാവ് കണ്ടെത്തി.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രണ്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തുവെന്ന് എക്സൈസ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാൾ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസിന്റെ പ്രത്യേക സംഘവും എക്സൈസ് ഇന്റലിജൻസും ആലുവ എക്സൈസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.