ന്യായ് യാത്ര നടത്തുന്ന രാഹുൽ, ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളോട് നീതി പുലർത്താൻ പഠിക്കണം; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

Published by
Janam Web Desk

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസ് ആദ്യം സ്വന്തം പാർട്ടിക്കുള്ളിലെ നേതാക്കളോട് നീതി പുലർത്താൻ പഠിക്കണമെന്നും, രാജ്യത്തെ ഐക്യപ്പെടുത്താനെന്ന പേരിൽ നടപ്പാക്കുന്ന വിഭജന രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും രാജ്യസഭാ എംപി അനിൽ ബലൂനി പറഞ്ഞു.

” രാഹുൽ ഗാന്ധിയുടെ യാത്ര ഒരിക്കലും രാജ്യത്തെ ഒരുമിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ വിഭജിക്കാനാണ്. എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട് നിൽക്കുന്ന കോൺഗ്രസിന്റെ കിരീടാവകാശിയാണ് രാഹുൽ. വിദ്വേഷവും വിഭജനത്തിന്റെ സന്ദേശവും നിറയുന്നതാണ് രാഹുലിന്റെ ഈ രണ്ടാമത്തെ യാത്ര. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് പോലും അവരിൽ നിന്ന് വെറുപ്പിന്റെ രാഷ്‌ട്രീയമാണ് ഉയർന്ന് കാണുന്നത്.

സമൂഹത്തിൽ ഏത് രീതിയിൽ വിദ്വേഷം പടർത്താമെന്നത് രാഹുലിന്റെ ആദ്യ യാത്രയിലൂടെ ഈ രാജ്യം കണ്ടതാണ്. രാജ്യവിരുദ്ധ ശക്തികളെയാണ് ഇതിനായി രാഹുൽ ആദ്യ യാത്രയിൽ കൂട്ടുപിടിച്ചത്. കോൺഗ്രസിന്റെ അവസാന അടിത്തറയും തകർന്നു പോകാൻ കാരണമായതും ഇതാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് നേരിട്ട തോൽവി നമ്മളെല്ലാം കണ്ടതാണ്.

ന്യായ് യാത്ര നടത്തുന്നുവെന്നാണ് രാഹുൽ പറയുന്നത്. ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളോട് രാഹുൽ നീതി പുലർത്തട്ടെ. ഇപ്പോൾ തന്നെ പാർട്ടിയിലെ പ്രധാന നേതാവായിരുന്ന മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചിരിക്കുകയാണ്. പല നേതാക്കളും ഇത്തരത്തിൽ പാർട്ടിയിൽ നിന്ന് പുറത്തു വരുന്നുണ്ട്. നേതാക്കൾക്ക് രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ല എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണമെന്നും അനിൽ ബലൂനി ചൂണ്ടിക്കാട്ടി.

 

 

Share
Leave a Comment