തൃശൂർ: കാർ പാറമടയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ മാളയിലായിരുന്നു അപകടം. കൊമ്പിടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മുരിക്കാട് സ്വദേശി ടിറ്റോ എന്നിവരാണ് മരിച്ചത്.
മാളയ്ക്ക് സമീപം കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപത്താണ് കാർ അപകടത്തിൽപെട്ടത്. അപകടത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തിയിരുന്നു. സ്കൂബാ ടീം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാർ കണ്ടെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് യുവാക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മാളയിൽ സിമിന്റ് ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊടകര സ്വദേശി രാജേഷാണ് (48) മരിച്ചത്. ലോറിയുടെ അടിയിൽപ്പെട്ടായിരുന്നു മരണം.