ജനുവരി 22-ന് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭക്തിയോടെ, ആത്മാഭിമാനത്തോടെ രാജ്യമൊട്ടാകെ കാത്തിരിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞ പ്രിയ ആർ പൈയും പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ശുഭമുഹൂർത്തമാണ് ഈ വരുന്ന 22ാം തിയതി. അന്ന് ഭാരതം അതിന്റെ മുഖം വീണ്ടെടുക്കുകയാണ്. അന്ന് എല്ലാവർക്കും വീട്ടിൽ വിളക്ക് വെച്ച് ലോകനന്മയ്‌ക്കായി പ്രാർത്ഥിക്കാമെന്ന് പ്രിയ ഫേസ്ബുക്കിലൂടെ പറഞ്ഞു. ശ്രീരാമ ക്ഷേത്രത്തിന്റെ ചെറു മോഡൽ കിട്ടിയ സന്തോഷവും ഗായിക സ്വന്തം സമൂഹ
വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.
പ്രിയയുടെ വാക്കുകളിലേക്ക്..
ശ്രീരാമ ക്ഷേത്രത്തിന്റെ ചെറു മോഡലാണിത്. ഇത് ഇന്നാണ് കൈയിൽ കിട്ടിയത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ശുഭമുഹൂർത്തമാണ് ഈ വരുന്ന 22ാം തിയതി. അന്ന് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുകയാണ്. ഭാരതത്തിന് ഭാരതത്തിന്റേതായ മുഖം ഉണ്ടാവുകയാണ്. ഏതൊരു രാജ്യത്തിനും അതിന്റേതായ മുഖമുണ്ട്. റോമിന് കൊളൊസിയം, ഈജിപ്തിന് പിരമിഡ്‌സ്, ഇസ്താംബൂളിന് ബ്ലൂമോസ്‌ക് എന്നത് പോലെ.
ഓരോ രാജ്യത്തിനും അതിന്റെതായ മുഖങ്ങളുള്ളപ്പോൾ, ഭാരതത്തിന് എത്രയോ വർഷം തൊട്ട് നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ മുഖം വേണ്ട?..
വേദകാലഘട്ടം എന്ന് പറഞ്ഞാൽ നമുക്കറിയാം. 1500 ബിസി മുതൽ 500 ബിസി വരെയുള്ള കാലഘട്ടമാണ്. വേദകാലഘട്ടത്തിൽ പോലും നമ്മുടെ സംസ്‌കാരത്തെ കുറിച്ചും നമ്മുടെ ദൈവങ്ങളെ കുറിച്ചും അതിൽ പറഞ്ഞിട്ടുണ്ട്. അത്രയും പുരാതനമായിട്ടുള്ള സംസ്കാരം മനസിലാക്കാൻ കുറച്ച് കാലതാമസം എടുത്തുവോ എന്ന് സംശയമുണ്ട്. ഇനിയെങ്കിലും നമുക്ക് നമ്മുടേതായ മുഖം വരണം. നമ്മൾ പണ്ടത്തെ കാലം തൊട്ട് ഉണ്ടാക്കിയ ചരിത്രസ്മാരകങ്ങളും ഓരോരോ പൈതൃകങ്ങളും നമ്മുടെ മുഖങ്ങളാകണം.
ഈയിടെ ഞാൻ ശ്രീരംഗ ക്ഷേത്രത്തിൽ പോയിരുന്നു. എത്രയോ കാലം മുൻപ് ശിൽപികൾ പണിത ഓരോ ശിൽപങ്ങളും കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. ഇതിന്റയെല്ലാം ചരിത്രം മനസിലാക്കിയാൽ തന്നെ ഭാരതം എന്താണെന്ന് മനസിലാകും. അതുപൊലെ നിരവധി ക്ഷേത്രങ്ങളാണ് നമുക്കുള്ളത്. ഓരോ പുരാതന ക്ഷേത്രങ്ങളും ഭാരതത്തിന്റെ പൈതൃകങ്ങളാണ്. പണ്ടത്തെ ക്ഷേത്രങ്ങളെല്ലാം തന്നെ സർവകലാശാലകൾ ആയിരുന്നു. എത്രയോ വിദ്യകൾ അഭ്യസിപ്പിച്ച സ്ഥലങ്ങളായിരുന്നു, ഭക്ഷണശാലകൾ ആയിരുന്നു… പാവപ്പെട്ട ഒരുപാടു പേർക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലമായിരുന്നു. ഇന്നും അത് തുടരുന്നു
വെറും ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല നമ്മുടെ ക്ഷേത്രങ്ങൾ, പോസിറ്റീവ് എനർജിയുടെ ഉറവിടങ്ങളായിരുന്നു. അത് എന്നു നിലനിന്ന് പോകട്ടെ. ഈ വരുന്ന 22ാം തിയതി വൈകുന്നേരം നമ്മുക്ക് എല്ലാവർക്കും വീടുകളിൽ വിളക്ക് വെച്ച്, ലോകനന്മയ്‌ക്കായി പ്രാർത്ഥിക്കാം. ഈ സംരംഭം എവരുടെയും നന്മയ്‌ക്കാവട്ടെ. ലോകാ സമസ്ത സുഖ്‌നോ ഭവന്തു, ജയ്ശ്രീറാം…..ഗായിക പറഞ്ഞു.















