തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദൻ. താൻ നായകനാകുന്ന ജയ് ഗണേഷ്, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളുടെ പുതിയ വിശേഷങ്ങളാണ് താരം പങ്കുവച്ചത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് താരം പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കിട്ടത്.
‘എന്റെ പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പിന്നാലെ ഞാൻ അറിയിക്കുന്നതായിരിക്കും. ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. ഏപ്രിൽ 11ന് ചിത്രം തീയേറ്ററുകളിൽ എത്തും. സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള കൂടുതൽ വീഡിയോകളും ഞാൻ വരും ദിവസങ്ങളിൽ പങ്കുവെയ്ക്കുന്നതായിരിക്കും’. ഉണ്ണി മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി സംവിധാനം ചെയ്യുന്നത്. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.
ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.