ലക്‌നൗ: അയോദ്ധ്യയിലെ രാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ ഇനി മുതൽ ‘ ബാലക രാമൻ’ എന്ന പേരിൽ അറിയപ്പെടും. 5 വയസുകാരന്റെ രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് വിഗ്രഹത്തിന് തൽ ബാലക രാമൻ എന്ന പേര് നൽകിയിരിക്കുന്നതെന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ച പുരോഹിതന്മാരിലൊരാളായ അരുൺ ദിക്ഷിത് പറഞ്ഞു.
” ഭഗവാന്റെ വിഗ്രഹം ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ വികാരാധീനനായി. ആ സമയത്തെ എനിക്കുണ്ടായ വികാരം വിശദീകരിക്കാൻ സാധിക്കാത്തതായിരുന്നു. 5 വയസ് പ്രായം തോന്നിക്കുന്ന വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇനിമുതൽ വിഗ്രഹം ബാലകരാമൻ എന്ന പേരിലും അറിയപ്പെടും.” – അരുൺ ദിക്ഷിത് പറഞ്ഞു.
51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ ഇന്നലെ പ്രതിഷ്ഠിച്ചത്. 300 കോടി വർഷം പഴക്കമുള്ള കല്ലിൽ പ്രശസ്ത ശിൽപി അരുൺ യോഗിരാജാണ് ബാലകരാമന്റെ വിഗ്രഹം കൊത്തിയെടുത്തത്. വിഗ്രഹത്തിന് 200 കിലോയോളം ഭാരമുണ്ട്.















