വയനാട്: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കടുവയുടെ ആക്രമണം നടക്കുന്നത്. WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. മുമ്പ് യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടിയ പ്രദേശത്തിന് തൊട്ടടുത്താണ് പന്നി ഫാം. ഈ കഴിഞ്ഞ 14-നും ഇതേയിടത്ത് കടുവ ഇറങ്ങിയിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറ് പന്നികളെ അന്ന് കടുവ കൊന്നിരുന്നു.