വയനാട്: സുൽത്താൻബത്തേരി കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവയുടെ ആക്രമണം. താണാട്ടു കുടിയിൽ രാജന്റെ പശുവിനെയാണ് കടുവ കൊന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് കടുവ കൊല്ലുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് രാജന്റെ കറവ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
അതേസമയം വയനാട് മൂടക്കൊല്ലിയിലും കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നിഫാമിലെ രണ്ട് പന്നികളെയാണ് കടുവ ആക്രമിച്ചത്. WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.