കോഴിക്കോട്; 71- വർഷക്കാലം ശ്രീ പരമേശ്വരനെ പൂജിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി. കോഴിക്കോട് ബേപ്പൂർ കൽക്കുന്നത്ത് ശിവക്ഷേത്രത്തിലെ ശാന്തിയായ അദ്ദേഹം ഒൻപതാം വയസിലാണ് ആദ്യമായി പൂജയ്‌ക്കായി ശ്രീകോവിലിൽ കയറിയത്. 26,000 ലധികം പൂജാദിനങ്ങൾ പിന്നിട്ട അദ്ദേഹം 80 മത്തെ വയസിലും അതേ ദേവസന്നിധിയിൽ അർച്ചന നടത്തുകയാണ്.
ഒരേ ശ്രീകോവിലിൽ 71 വർഷക്കാലം പൂജ ചെയ്യുകയെന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏഴാം വയസിലായിരുന്നു ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരിയുടെ ഉപനയനം. പിന്നീട് രണ്ട് വർഷക്കാലം വേദമന്ത്രജപങ്ങളുടെ കാലമായിരുന്നു. ഒൻപതാം വയസിൽ മുത്തശ്ശി തേതി അന്തർജ്ജനം കത്തിച്ച് നൽകിയ നെയ്യ് വിളക്കൊടെയാണ് കൽക്കുന്നത്ത് പൂജയ്‌ക്കെത്തുന്നത്.
ഇസ്ലാമിക ആക്രമണകാരിയായ ടിപ്പുവിന്റെ പടയോട്ടത്തെ അതിജീവിച്ച ക്ഷേത്രം കൂടിയാണ് കൽകുന്നത്ത് ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ പറ്റിയെങ്കിലും പൂർണ്ണമായും തകർക്കാർ ടിപ്പുവിന് കഴിഞ്ഞിട്ടില്ല. ടിപ്പുവിന്റെ ആക്രമണത്തിൽ നന്ദികേശനടക്കം ക്ഷതം സംഭവിച്ചതായി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി പറഞ്ഞു. പിന്നിട് അത് പുനർനിർമിച്ചതാണ്. ഇത്തരം ക്ഷേത്രത്തിന്റെ തിരി കെടാതിരിക്കാൻ തന്റെ ജീവിതം സമർപ്പിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. നിലവിൽ ക്ഷേത്രത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും അദ്ദേഹമാണ്.















