തൃശൂർ: ബിരുദ പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ അപ്രന്റിസ് ഷിപ്പ് ട്രെയിനിംഗ് സ്കീം വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒന്നാം തീയതി മുതൽ 10-ാം തീയതി വരെ തൃശൂരിൽ നടക്കും. തൃശൂർ മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്കൂളിലാണ് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നത്. പഠനം കഴിഞ്ഞ് നിൽക്കുന്ന യുവജനങ്ങളുടെ ഉദ്യോഗ സാധ്യത വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2020-2023 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ യുവജനങ്ങൾക്ക് ഈ അഭിമുഖത്തിൽ പങ്കെടുക്കാം. ബിരുദം കഴിഞ്ഞ് നിൽക്കുന്നവർക്ക് പരിശീലനം നൽകുന്നതിനാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രമുഖ കമ്പനികളുടെ കീഴിൽ പ്രതിമാസം 9,000 രൂപ വരെ സ്റ്റൈഫന്റ് സഹിതം ഒരു വർഷത്തെ പരിശീലനമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്.
50-ലധികം കമ്പനികളിലായി ആയിരത്തിലധികം നിയമനങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ശബളത്തോടൊപ്പം രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാവുന്ന സർട്ടിഫിക്കറ്റും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. ഇത് രാജ്യത്തിന് അകത്തും പുറത്തുമുള്ള ജോലി സാധ്യതകൾ വർദ്ധിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ അപ്രന്റിസ് ഷിപ്പ് ട്രെയിനിംഗ് സ്കീം വാക് ഇൻ പദ്ധതിയുടെ ഇന്റർവ്യൂ വിവിധയിടങ്ങളിൽ ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.