ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സൂര്യ അയ്യർക്കും ഡൽഹിയിലെ ജംഗ്പുരയിലെ വീട് ഒഴിയാൻ നോട്ടീസ് നൽകി റസിഡൻസ് വെൽഫെയർ അസോസിയേഷൻ. അയോദ്ധ്യ രാമക്ഷേത്രത്തെയും പ്രാണപ്രതിഷ്ഠയേയും അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ മണിശങ്കർ അയ്യറും മകളും പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.
പ്രദേശത്തെ സമാധാനം തകർക്കുന്നതോ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോവായ ഒരു താമസക്കാരനെ ഉൾക്കൊള്ളാനോ അംഗീകരിക്കാൻ സാധിക്കില്ല. പ്രതിഷേധമായാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെങ്കിൽ അത്തരം വിദ്വേഷങ്ങൾക്കെതിരെ കണ്ണടയ്‌ക്കാൻ കഴിയുന്ന മറ്റൊരു കോളനിയിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെടുന്നു. സൂര്യ അയ്യർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ചേരുന്നതല്ല. 500 വർഷത്തെ കാത്തിരിപ്പിന് ശേഷം സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്ന് മനസ്സിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ എന്തും പറയാം എന്ന് ധരിക്കരുത്. – അയ്യർക്കും മകൾക്കും ലഭിച്ച നോട്ടീസിൽ പറയുന്നു.















