തൃശൂർ: ചേലക്കര വെങ്ങാനെല്ലൂർ എടത്തറക്കാവ് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ തിടപ്പിള്ളിയിലാണ് മോഷണം നടന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഓട്ടുപാത്രങ്ങളും നിലവിളക്കുമായി കടന്നു കളഞ്ഞു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ പുലർച്ചെ നട തുറക്കാനെത്തിയ ശാന്തിയാണ് മോഷണം വിവരം അറിയുന്നത്. തിടപ്പിള്ളിയുടെ വാതിൽപ്പൂട്ട് തകർത്ത് അകത്തേക്ക് കയറിയ മോഷ്ടാവ് 12,000 രൂപ വിലമതിക്കുന്ന രണ്ട് ഓട്ടുരുളി, മൂന്ന് നിലവിളക്ക്, അഞ്ച് ഓട്ടുപാത്രങ്ങൾ എന്നിവയാണ് കവർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.