ന്യൂഡൽഹി: ലോകവുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും വിദേശ, സുരക്ഷാ നയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തികളുടെയും പൗരന്മാരുടെയും സുരക്ഷയ്‌ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസ്ഥിതികവും അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റൽ സൗകര്യങ്ങളിലും ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യ. ലോകരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും രാജ്യത്തിന് സാധിക്കുന്നു. എന്നാൽ ഭീകരവാദത്തെയും അതിന് സാമ്പത്തിക സഹായം നൽകുന്നതിനെയും നേരിടാൻ എല്ലാ രാജ്യങ്ങളും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ നയവും സുരക്ഷാ നയവും തമ്മിൽ ഒരു വിടവുമില്ല. ലോകമെമ്പാടുമുള്ള നല്ല ബന്ധമാണ് രാഷ്‌ട്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ കാര്യങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രതിബന്ധത പ്രശംസനീയമാണ്. 2014 വരെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്‌ക്ക് നയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രം ശ്രമിച്ചെന്നും അത് വിജയം കണ്ടുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാരത്തിൽ സുരക്ഷാ നയം കുഴിച്ചുമൂടപ്പെട്ട അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല, രാജ്യത്തിന്റെ വിദേശനയം വ്യക്തമാണ്, സൗഹാർദ്ദപരമായി ലോകത്തെ സമീപിക്കുകയെന്നതാണ് ഇന്ത്യയുടെ നിലപാട്.
ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ ഭീകരവാദം എന്നിവയായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികൾ. മുൻ യുപിഐ സർക്കാരിന്റെ തെറ്റായ നയങ്ങൾ ഇവയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവയ്‌ക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2004-14 കാലഘട്ടത്തിൽ 33,000 അക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2014-23 കാലഘട്ടത്തിൽ 62ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു.















