പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പത്തനംതിട്ട പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. പെൺകുട്ടി ഇയാളുടെ പേര് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു.
കുറ്റാരോപണ വിധേയരാകുമ്പോൾ പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം തന്നെയാണ് ഡിവൈഎഫ്ഐയുടെ ഭാഗത്ത് നിന്നുമുണ്ടായത്. രണ്ടാഴ്ച മുൻപ് ജോയലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്ന് നേതൃത്വം അറിയിച്ചു.
കേസിൽ 18 പ്രതികളുണ്ടെന്നാണ് വിവരം. മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കെ എസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
2022 ജൂണിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികൾ പരിചയപ്പെട്ടത്. നഗ്നചിത്രം പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ശിശു സംരക്ഷണ സമിതിയാണ് പോലീസിൽ വിവരം അറിയിച്ചത്. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.