ചോക്ലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് കൊക്കോ. ഏകദേശം 30 അടി ഉയരത്തിൽ വളരുന്ന ഈ മരത്തിൽ നിന്ന് 30 വർഷത്തോളം കായ്കൾ ലഭിക്കും. കൃത്യമായ ജലാംശവും മറ്റ് വളരാൻ അനുവദിക്കുന്ന സാഹചര്യവുമുള്ള മണ്ണിൽ കൊക്കോ തഴച്ചുവളരും. അധികവും മലമ്പ്രദേശത്താണ് ഇവ വളരുന്നത്. അന്താരാഷ്ട്ര വിപണിയിൽ വരെ ഉയർന്ന വിലയാണ് കൊക്കോയ്ക്ക് ലഭിക്കുന്നത്.
നാണ്യ വിള എന്നതിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളാണ് കൊക്കോ നൽകുന്നത്. അവയിൽ ചിലത് ഇതാ..
1) പ്രതിരോധശേഷി മെച്ചപ്പെടുത്താൻ
ഫ്ലേവനോയ്ഡ്, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കൊക്കോ പഴം. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും രോഗ പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.
2) ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ കൊക്കോയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോളുകൾ ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൊക്കോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ലഘൂകരിക്കാൻ സഹായിക്കുന്നു.
3) മാനസികാരോഗ്യം മെച്ചപ്പെടുത്താൻ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു. സെറോടോണിൻ, എൻഡോർഫിൻ എന്നിവ അവയിൽ ചിലത് മാത്രം. ഉയർന്ന നിലവാരമുള്ള കൊക്കോയിൽ നിന്ന് നിർമ്മിച്ച ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. സന്തോഷം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്ക്കാൻ കൊക്കോ പഴം സഹായിക്കുന്നു.
4) പോഷക സമ്പന്നം
അവശ്യ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് കൊക്കോ പഴം. നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഗ്നീഷ്യം. രക്തത്തിലെ ഓക്സിജനെ ശരീരഭാഗങ്ങളിൽ എത്തിക്കുന്നതിൽ ഇരുമ്പ് നിർണായക പങ്ക് വഹിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊക്കോ പഴം കഴിക്കുന്നത് പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ സഹായിക്കും.
5) തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ
തലച്ചോറിന്റെ ആരോഗ്യത്തെയും കൊക്കോ പഴം മെച്ചപ്പെടുത്തുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും പഠന വൈകല്യങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.