കൊല്ലം: മോഷ്ടിച്ച ബൈക്കുമായി കടന്നു കളയുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട മോഷ്ടാവ് പിടിയിൽ. മോഷണം നടത്തി കടന്നുകളയുന്നതിനിടെ കിളിമാനൂരിൽ പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ചടയമംഗലം സ്വദേശി വിനീഷ് ആണ് പിടിയിലായത്.
മുരുക്കുമൻ സ്വദേശി സൈഫിന്റെ ബൈക്കുമായാണ് പ്രതി കടന്നു കളഞ്ഞത്. തുടർന്ന് സൈഫ് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം ഇയാൾ അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മോഷ്ടിച്ച ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വിനീഷിന് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.