കൊല്ലം: ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നിലമേലിന് സമീപം മുരിക്കുമണ്ണിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാറിന്റെ എസിയുടെ ഭാഗത്തുനിന്നുമാണ് തീ പടർന്നത്.ദേവസ്വം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് കാറിൽ സഞ്ചരിച്ചിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ യാത്രക്കാർ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സംഘം. നിലമേലിൽ എത്തിയപ്പോൾ കാറിലെ എസി പ്രവർത്തനരഹിതമാവുകയും പിന്നാലെ എസിയിൽ നിന്ന് ശക്തമായി പുക പുറത്തുവരാനും തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ എല്ലാവരും കാറിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ കാറിൽ തീപിടിക്കുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.