മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ബുമ്രക്ക് തീരുമാനം എടുക്കാം. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്രമം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ബുമ്ര തീരുമാനം എടുക്കട്ടെയെന്നാണ് സെലക്ടർമാർ പറയുന്നത്. 15 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് താരം.
രണ്ടും മൂന്നും ടെസ്റ്റുകൾക്കിടെ 10 ദിവസത്തെ ഇടവേളയുണ്ട്. അതിനാൽ വിശ്രമം വേണ്ടി വരില്ലെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബുമ്ര തന്നെ തീരുമാനമെടുക്കുന്നതാവും നല്ലതെന്നാണ് സെലക്ടർമാർ കരുതുന്നത്. ആദ്യ ടെസ്റ്റിൽ കളിച്ച മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിരാട് കോലി ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.