കോട്ടയം: വിജയപുരം പഞ്ചായത്തിൽ കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തി കിണറുകളിലെ വെള്ളം ശേഖരിച്ചു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലുള്ള ആറ് കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്.
ഇന്നലെ കടുംപച്ച നിറത്തിൽ ഉണ്ടായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ജലത്തിൽ നിന്നും ദുർഗന്ധവും ഉയർന്നു. പ്രദേശത്തെ കിണറുകളിൽ സാധാരണയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ ആരംഭിച്ചതായി അറിയിച്ചു.
ഉയർന്ന പ്രദേശമായതിനാൽ മാലിന്യം കലരാനുള്ള സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അറിയിപ്പ് നൽകിയിട്ടുണ്ട്.