മലയാള സിനിമയിലെ ഒരു സമയത്തെ ട്രെൻഡ് മാറ്റിമറിച്ച ചിത്രമായിരുന്നു പ്രേമം. ചിത്രം പുറത്തിറങ്ങി 7 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ റിപ്പീറ്റ് വാല്യു ഉള്ളൊരു ചിത്രം കൂടിയാണ്.
പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തത് രണ്ടേ രണ്ട് ചിത്രങ്ങളായിരുന്നു. തമിഴിൽ അവിയൽ എന്ന സിനിമയും മലയാളത്തിൽ ഗോൾഡ് എന്ന ചിത്രവും. പ്രേമം ഇറങ്ങി ഏഴ് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് എത്തിയ അൽഫോൺസിന്റെ മലയാള ചിത്രം ഗോൾഡിൽ വമ്പൻ താരനിര അണിനിരന്നെങ്കിലും സിനിമയ്‌ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. തുടർന്ന് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങൾ സംവിധായകനെതിരെ ഉയർന്നിരുന്നു. ഇപ്പോൾ മറ്റൊരു ചിത്രവുമായി അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നുവെന്ന രീതിയിലുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. അൽഫോൺസിന്റെ സ്റ്റോറി മെൻഷൻ ചെയ്ത് നിവിൻ നൽകിയ മറുപടിയണ് ഇതിന് കാരണം.
നിവിൻ പോളിയോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ച്, ‘മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ’ എന്നാണ് അൽഫോൺസ് സ്റ്റോറി ഇട്ടിരിക്കുന്നത്. ഇത് ഷെയർ ചെയ്തുകൊണ്ട് ‘ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി’ എന്നായിരുന്നു നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉടനെ പുറത്തിറങ്ങുമെന്ന സന്തോഷത്തിലാണ് ആരാധകർ. ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ഇതുവരെയും ഇരുവരും നടത്തിയിട്ടില്ല.